കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് സ്ഫോടന കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കവേ പ്രോസിക്യൂഷന് വിസ്തരിച്ച പ്രധാന സാക്ഷി കോടതിയില്‍ കൂറുമാറി. കേസിലെ 15-ാം സാക്ഷിയും പോളച്ചിറ പ്രശാന്ത് വിലാസത്തില്‍ സ്വദേശിയുമായ വിനോദ് കുമാറിനെ വാറണ്ടില്‍ ഹാജരാക്കി 14-ാം സാക്ഷിയായി വിസ്തരിച്ചപ്പോഴാണ് ഇയാള്‍ പ്രോസിക്യൂഷന് എതിരായി ചാര്‍ജ് ജഡ്ജ് എം.സി. ആന്റണി മുമ്പാകെ മൊഴി നല്‍കിയത്.
അതേസമയം, ഇന്നലെ ഹാജരാകാതിരുന്ന 17, 18 സാക്ഷികള്‍ക്കെതിരെ വിചാരണ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും കേസ് ഇന്നത്തേക്ക് മാറ്റുകയും ചെയ്തു. കൃത്യസ്ഥലം, അപകടം നടന്ന രീതി, മിനിലോറിയിലും പെട്ടി ഓട്ടോയിലും സ്ഫോടകവസ്തുക്കള്‍ കമ്പപ്പുരയില്‍ എത്തിച്ചത്, സാക്ഷിക്ക് പരിക്കേറ്റ സംഭവം തുടങ്ങിയ പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങള്‍ തെളിയിക്കുന്നതിനാണ് സാക്ഷിയെ വിസ്തരിച്ചത്. എന്നാല്‍ പൊലീസിന് മുന്‍പ് നല്കിയ വിശദമായ മൊഴികളില്‍നിന്നു സാക്ഷി കോടതിയില്‍ പിന്മാറുകയായിരുന്നു.
2016 ഏപ്രില്‍ പത്തിനാണ് 110 പേരുടെ മരണത്തിനും 656 പേര്‍ക്ക് പരിക്കുകള്‍ക്കും ഇടയാക്കിയ നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. കേസിലെ 59 പ്രതികളില്‍ 16 പേര് മരണപ്പെടുകയും 30-ാം പ്രതിയായ അനുരാജ് ഒളിവിലുമാണ്.
അപകടദിവസം പുലര്‍ച്ചെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തെക്കേ കമ്പപ്പുരയില്‍ നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ കമ്പത്തറയിലേക്ക് എത്തിച്ചതെന്നും, അമിട്ടുകള്‍ നിയന്ത്രണമില്ലാതെ വാരിയിട്ട് കത്തിക്കുന്നതിനിടെ സൂര്യകാന്തി അമിട്ട് പൊങ്ങാതെ തറയില്‍ വീണ് തീപ്പൊരി പടക്കങ്ങളിലേക്ക് തെറിച്ചാണ് അതിഭയങ്കരമായ സ്ഫോടനമുണ്ടായതെന്നും സാക്ഷി മുന്‍പ് മൊഴി നല്‍കിയിരുന്നു.
കൂടാതെ വെടിക്കെട്ട് കരാറുകാരുടെ ജോലിക്കാര്‍ തമ്മിലുണ്ടായ തര്‍ക്കവും മൈക്കിലൂടെയുള്ള നിര്‍ദേശങ്ങളും വാഹനങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ എത്തിച്ചതുമെല്ലാം പ്രോസിക്യൂഷന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെ ഹാജരാകാതിരുന്ന 17-ാം സാക്ഷി പത്തനാപുരം സ്വദേശി അജയകുമാര്‍, 18-ാം സാക്ഷി പരവൂര്‍ സ്വദേശി സുധീഷ് എന്നിവര്‍ക്കെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ മറ്റ് സാക്ഷികളായ ബ്രഹ്മാനന്ദന്, ബാബു എന്നിവരെ ഇന്ന് വിസ്തരിക്കുന്നതിനായി സമന്‍സ് അയച്ചിട്ടുണ്ട്.
പ്രതിഭാഗത്തിനായി അഡ്വക്കറ്റ്മാരായ ഓച്ചിറ എന്‍. അനില്‍കുമാര്‍, ജി. മോഹന്‍ രാജ്, എല്‍. ലിന്റണ്, മരുത്തടി എസ്. നവാസ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി. ജബ്ബാര്‍, അഡ്വ. അമ്പിളി ജബ്ബാര്‍ എന്നിവരും കോടതിയില്‍ ഹാജരായി.